കിഴക്കമ്പലം: കിറ്റെക്സ് ഗാര്മെന്റ്സിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ 20 കോടി രൂപ ഇനാം നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിറ്റെക്സിനും മാനേജിംഗ് ഡയറക്ടര്‍ക്കുമെതിരേ അപകീര്‍ത്തികരമായ ലേഖനങ്ങള്‍, പ്രസ്താവനകള്‍, വാര്‍ത്തകള്‍ എന്നിവ എഴുതുന്നതും നിര്‍മിക്കുന്നതും അപ്ലോഡ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും പുനഃപ്രസിദ്ധീകരിക്കുന്നതും പൂര്‍ണമായി തടഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ അടിയന്തര ഉത്തരവ് നിലനില്‍ക്കെയാണു റിപ്പോട്ടര്‍ ചാനല്‍ കഴിഞ്ഞദിവസം വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
ചാനല്‍ നിരന്തരം വ്യാജ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിനെതിരേയാണു കിറ്റെക്സ് ഗ്രൂപ്പ് കോടതിയെ സമീപിച്ചതും ഉത്തരവ് സമ്പാദിച്ചതും. എന്നാല്‍ കോടതി ഉത്തരവുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് കിറ്റെക്സ് ഗ്രൂപ്പിനെതിരേ റിപ്പോര്‍ട്ടര്‍ ചാനല്‍ ബ്രേക്കിംഗ് ന്യൂസ് എന്നപേരില്‍ വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. ഇതിനെതിരേ കോടതിയലക്ഷ്യത്തിനു കോടതിയെ സമീപിക്കുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ കിറ്റെക്സ് അപ്പാരല്‍സ് തെലുങ്കാന സിഎഫ്ഒ അനു അറയ്ക്കല്‍, കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് സിഎഫ്ഒ ബോബി മൈക്കിള്‍ എന്നിവരും പങ്കെടുത്തു.